Thursday, September 18, 2008

ഒരു കോടതി വാര്‍ത്ത

സംസ്ഥാനത്തെ പ്രധാനറോഡുകളുടെയും ദേശീയപാതകളുടെയും വശങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഹൈക്കോടതി നിരോധിച്ചു.
നിരോധനം ലംഘിച്ച് പാര്‍ക്ക്ചെയ്യുന്ന വാഹനം നീക്കംചെയ്യണമെന്നും കനത്ത പിഴ ചുമത്തണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക നിര്‍ദേശം പൊലീസിനും മോട്ടോര്‍വാഹനവകുപ്പിനും നല്‍കണമെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായര്‍, ഹാറൂണ്‍ അല്‍ റഷീദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കണ്ടെയ്നര്‍ ലോറിയും മറ്റ് ഭാരവാഹനവും നിരത്തിലിറങ്ങുമ്പോള്‍ അവയ്ക്ക് റിഫ്ളക്ടറും ഇന്‍ഡിക്കേറ്റര്‍ ലൈറ്റും ഉണ്ടെന്ന് പൊലീസും മോട്ടോര്‍വാഹനവകുപ്പും ഉറപ്പുവരുത്തണം. അസാധാരണ ഘടന കണക്കിലെടുത്ത് ഇത്തരം വാഹനങ്ങള്‍ക്ക് പ്രത്യേകം പാത നിര്‍ദേശിക്കണമെന്നും ഒറ്റവരിപ്പാതയിലൂടെ ഇത്തരം വാഹനം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

-സ്വകാര്യബസിന്റെ പാര്‍ക്കിങ്ങും യാത്രക്കാരെ കയറ്റാന്‍ അശാസ്ത്രീയമായി നിര്‍ത്തുന്നതും അപകടം വര്‍ധിക്കാന്‍ കാരണമാകുന്നു. ഇതുവഴി റോഡ് ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ ബസ്സ്റ്റോപ്പില്‍ 'ബസ്ബേ' നിര്‍മിക്കണം. ബസ്ബേയില്‍മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റണം. ഒരുവര്‍ഷത്തിനകം എല്ലാ പ്രധാന റോഡിലും ബസ്ബേ നിര്‍മിക്കണം.-റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ സീബ്രവരയോടുകൂടിയ ഹമ്പ് നിര്‍മിക്കാന്‍ പൊതുമരാമത്തുവകുപ്പിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഈ നടപടിഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണം.

-പാര്‍ക്കിങ്ങിനുള്ള ഇടം കണ്ടെത്താന്‍ ആവശ്യമായ ഭൂമി സര്‍ക്കാര്‍ സമയബന്ധിതമായി ഏറ്റെടുക്കണം. കോടതി ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മൂന്നുമാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ആദ്യറിപ്പോര്‍ട്ട് 2009 ജനുവരി ഒന്നിനു നല്‍കണം.

ഈ ഉത്തരവിന് കാരണമായത് പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ പാര്‍ക്ക്ചെയ്തിരുന്ന ലോറിയുടെ പിന്നില്‍ ഇരുചക്രവാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൃഷ്ണകുമാറിന്റെ അവകാശികള്‍ക്ക് 4.76 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആറ്റിങ്ങല്‍ മോട്ടോര്‍വാഹന അപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീലാണ്. പിന്നില്‍ യാത്രചെയ്ത കൃഷ്ണകുമാര്‍ മരിച്ചത് സ്കൂട്ടര്‍ ഓടിച്ചയാളുടെ അശ്രദ്ധമൂലമാണെന്നും അതിനാല്‍ സ്കൂട്ടര്‍ ഉടമ നഷ്ടപരിഹാരത്തിന്റെ 75 ശതമാനം നല്‍കണമെന്നുമായിരുന്നു ട്രിബ്യൂണലിന്റെ ഉത്തരവ്. എന്നാല്‍, ദേശീയപാതയോരത്ത് റിഫ്ളക്ടറോ, ഇന്‍ഡിക്കേറ്റര്‍ ലൈറ്റോ ഇല്ലാതെ നിര്‍ത്തിയിട്ടിരുന്ന ലോറിഡ്രൈവറുടെ അശ്രദ്ധ കണക്കിലെടുക്കണമെന്നും നഷ്ടപരിഹാരത്തിന്റെ ഒരുവിഹിതം ലോറിയുടമയും ഡ്രൈവറും നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഒരു പ്രത്യേക കേസില്‍ മികച്ച ഉത്തരവാണ് കോടതിയുടേത് എന്നത് നിസ്സംശയം. എന്നാല്‍ ദേശീയ പാതയുടെയും പ്രധാന പാതകളുടെയും കരങ്ങളില്‍ പാര്‍ക്കിങ്ങ് പാടില്ലെന്ന വിധിക്കാന്‍ മാത്രം കാര്യങ്ങള്‍ ഈ കേസിന്റെ പരിഗണനാവേളയില്‍ കോടതി പരിശോധിച്ചിട്ടുണ്ടാകുമോ?

കേരളത്തില്‍ ജനസാന്ദ്രത കൂടുതലാണ്. നിലവിലുള്ള റോഡുകള്‍ വികസിപ്പിക്കാന്‍ സ്ഥലം കിട്ടുന്നില്ല. സംസ്ഥാനം ഒരു വന്‍ നഗരം തന്നെ. പാതയോരത്തല്ലാതെ വാഹനങ്ങള്‍ എവിടെ നിര്‍ത്തും? കാലത്ത് വീട്ടില്‍നിന്ന് വണ്ടിയുമെടുത്തിറങ്ങുന്നയാള്‍ വൈകിട്ട് തിരിച്ചെത്തുന്നതുവരെ അത് ഓടിച്ചുകൊണ്ടിരിക്കണോ? റോഡരികിലെ കടയില്‍ കയറി ഒരു ചായ കുടിക്കണമെന്നു കരുതിയാല്‍ വണ്ടി എവിടെയിടും?

നമ്മുടെ നാട്ടില്‍ മിക്ക വ്യാപാര സ്ഥാപനങ്ങളും പാതയോരങ്ങളിലാണ്്. വണ്ടി റോഡ്സൈഡിലിട്ടേ അത്തരം സ്ഥാപനങ്ങളില്‍ പേകാനാവൂ. ഉപഭോക്താവ് എന്തുചെയ്യും?കേരളത്തില്‍ എത്ര വാഹനങ്ങളുണ്ട്, എത്ര കിലോമീറ്റര്‍ പ്രധാന പാതകളുണ്ട്, അവയ്ക്കരികില്‍ പാര്‍ക്കിങ്ങിന് നിലവില്‍ സൌകര്യമുണ്ടോ, ഇല്ലെങ്കില്‍ പുതുതായി കണ്ടെത്താന്‍ വല്ല മാര്‍ഗവുമുണ്ടോ , ബസ് ബേ എല്ലായിടത്തും ഉണ്ടാക്കാന്‍ സൌകര്യങ്ങളുണ്ടോ, അതിനെല്ലാം വേണ്ട ഫണ്ട് സര്‍ക്കാരിന് ലഭ്യമാക്കാന്‍ കഴിയുമോ, വലിയ വാഹനങ്ങള്‍ ഒറ്റവരിപ്പാതയിലൂടെ അനുവദിക്കാതിരുന്നാല്‍ ചരക്കുഗതാഗതത്തെ എങ്ങനെ ബാധിക്കും എന്നെല്ലാമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയശേഷം ഉണ്ടാകേണ്ട ഒരുത്തരവ്, ഒരു വാഹനാപകടക്കേസില്‍ വന്നത് ആശാസ്യമാണോ?

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് എന്തുപറയാനുണ്ടെന്ന് കേട്ട്, അതുവിലയിരുത്തി പ്രായോഗികതകൂടി കണക്കിലെടുത്ത് ഉണ്ടാകേണ്ടതല്ലേ ഇത്തരമൊരു വിധി?ഈ കോടതിയുത്തരവ് കര്‍ക്കശമായി നടപ്പാക്കപ്പെടുക എന്നതിനര്‍ത്ഥം നമ്മുടെ പൊലീസിനും മോട്ടോര്‍ വാഹന പരിശോധകര്‍ക്കും വാഹനങ്ങളെ പരിധിയില്ലാതെ ഉപദ്രവിക്കാനും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അഴിഞ്ഞാടാനും അവസരം കിട്ടുക എന്നതുകൂടിയാണ്.

വന്‍ പിഴ ചുമത്തണം എന്ന് കോടതി പറഞ്ഞാല്‍ മതിയോ? നിരോധിത സ്ഥലത്ത് പാര്‍ക്ക് ചെയ്താല്‍ എന്തുശിക്ഷ നല്‍കണമെന്ന് ഇവിടെയൊരു നിയമമില്ലേ? ഹൈക്കോടതി ഉത്തരവ് ഒരുപാട് പ്രാധാന്യമുള്ളതുതന്നെ. അതേ സമയം ഒരുപാട് പ്രശ്നങ്ങളുള്ളതും.

ഇന്ത്യയില്‍ നാളെ മുതല്‍ സോഷ്യലിസം നടപ്പാക്കണമെന്ന് കോടതിക്ക് വിധിക്കാനാകുമോ?

2 comments:

മൂര്‍ത്തി said...

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് എന്തുപറയാനുണ്ടെന്ന് കേട്ട്, അതുവിലയിരുത്തി പ്രായോഗികതകൂടി കണക്കിലെടുത്ത് ഉണ്ടാകേണ്ടതല്ലേ ഇത്തരമൊരു വിധി?

തികച്ചും പ്രസക്തമായ ചോദ്യം.

അശ്രദ്ധമായ പാര്‍ക്കിംഗും ഡ്രൈവിങ്ങും ഉണ്ട് എന്നുള്ളത് സത്യമാണ്. അത് കര്‍ശനമായി തടയപ്പെടുകയും വേണം. പാര്‍ക്കിംഗേ പാടില്ല എന്നതെത്രത്തോളം പ്രായോഗികം? പ്രത്യേകിച്ചും ദേശീയ പാതകള്‍ പലയിടങ്ങളിലും തിരക്കേറിയ കൊച്ചു പട്ടണങ്ങളിലൂടെ കടന്നു പോകുന്ന അവസരത്തില്‍. ഭൂമി എടുക്കുകയാണെങ്കില്‍ തന്നെ എത്ര, എങ്ങിനെ, എവിടെ...ചോദ്യങ്ങള്‍ നിരവധി..

sreeni sreedharan said...

പാതയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ പിന്നിലിടിച്ച് അപകടം ഉണ്ടാവുന്നത് ഒരു സ്ഥിരം സംഗതിയാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍.
ആദ്യ റിപ്പോര്‍ട്ട് ജനുവരിയില്‍ നല്‍കണമെന്നത് തന്നെ പാലിക്കപ്പെടുന്നത് കണ്ടറിയണം.
സര്‍ക്കാരിന്‍റെ അഭിപ്രായം കേട്ടിട്ട് നിര്‍ദ്ദേശം നല്‍കാന്‍ നിന്നാല്‍... (ബാക്കി പറയണൊ?)